01:55am 03 June 2026
NEWS
കപ്പലപകടം: സർക്കാരിന്റെ മൃദുസമീപനം എന്തുകൊണ്ട്?
15/07/2025  06:20 PM IST
ചെറുകര സണ്ണീലൂക്കോസ്
കപ്പലപകടം: സർക്കാരിന്റെ മൃദുസമീപനം എന്തുകൊണ്ട്?

കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ(74 കിലോമീറ്റർ) അകലെ അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയത് മേയ് 24 നാണ്. എം.എസ്.സി എൽസ 3 എന്ന ചരക്കുകപ്പൽ കേരളത്തിന്റെ തീരമേഖലയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. മുങ്ങിയകപ്പലിൽ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ചിലതിൽ അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നു. കപ്പലിൽ 84.44 ടൺ ഡീസലും 367.1 ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നു.

ഈ കപ്പൽ കമ്പനിക്കെതിരെ നിയമനടപടികൾക്ക് പോകാതെ  കമ്പനിയെ സർക്കാർ സഹായിക്കാൻ ശ്രമിച്ചു എന്ന വിവാദം ഉയർന്നപ്പോഴാണ് അറബിക്കടലിൽ കണ്ണൂർ അഴീക്കൽ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ(81.4 കി.മീറ്റർ) അകലെ ജൂൺ 9 ന് തായ്‌വാന്റെ വാൻഹായ് 503 എന്ന ചരക്കുകപ്പലിൽ തീപിടിത്തമുണ്ടായത്. ഈ കപ്പലിൽ നിന്നും ചില കണ്ടെയ്‌നറുകൾ കടലിൽ വീഴുകയുണ്ടായി. കപ്പലിലെ പല കണ്ടെയ്‌നറുകളിലും ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണി ഉയർത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്നും റിപ്പോർട്ടുകൾ പറഞ്ഞു. ഇവ കത്തുന്ന വഴിയുണ്ടാകുന്ന രാസമാലിന്യങ്ങളും എണ്ണപ്പാടയും കടലിന്റെ ആവാസവ്യവസ്ഥയെ മലിനീകരിക്കുമെന്നതിന് സംശയമൊന്നുമില്ല.
കേരളത്തിന്റെ സമുദ്രപരിസ്ഥിതിക്കും മത്സ്യം പിടിക്കുന്ന സമൂഹത്തിനും ഉണ്ടായ ആഘാതം തിട്ടപ്പെടുത്തിയാൽ വലിയ നഷ്ടപരിഹാരത്തിനർഹതയുണ്ടെന്ന് നിയമവിദഗ്ദ്ധർ അപകടം സംഭവിക്കുമ്പോഴേ ചൂണ്ടിക്കാട്ടിയിരുന്നു. ചെറിയ തോതിലുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം പോലും മത്സ്യസമ്പത്തിന് ഭീഷണിയാണ്. മലയാളികൾ കൂടുതൽ കഴിക്കുന്ന മത്തിപോലുള്ള മത്സ്യങ്ങൾക്ക് ജീവഹാനി നേരിടാൻ നിസ്സാരരാസമാലിന്യങ്ങളുടെ സാന്നിദ്ധ്യം മതി.

ഏത് രാജ്യാതിർത്തിയിൽവെച്ച് ഇത്തരം അപകടങ്ങളുണ്ടായാലും അതുവഴിയുണ്ടാകുന്ന നാശനഷ്ടങ്ങൾ അത് പാരിസ്ഥിതികമാകട്ടെ, മത്സ്യഉപജീവനം നടത്തുന്നവരുടേതാകട്ടെ അത് എത്രയും പെട്ടെന്ന് തിട്ടപ്പെടുത്തി നഷ്ടപരിഹാരം കപ്പൽകമ്പനിയിൽ നിന്ന് ഈടാക്കാനാണ് ഏത് രാജ്യവും ശ്രമിക്കുക. അപകടങ്ങൾക്കിടയാക്കിയ വീഴ്ച കപ്പൽക്കമ്പനിയുടെ ഭാഗത്താണെങ്കിൽ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികൾക്കും ഒട്ടും വൈകാറില്ല.

അറബിക്കടലിൽ കേരളത്തീരത്തിനടുത്ത് ഉണ്ടായ ചരക്കുകപ്പൽ അപകടങ്ങളിൽ സർക്കാരിനും, പൊതുജനങ്ങൾക്കും, മത്സ്യതൊഴിലാളികൾക്കും സംഭവിച്ച നഷ്ടങ്ങൾക്കുള്ള പരിഹാരം കപ്പലുടമയിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥയുണ്ടെന്ന് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. അതിനാവശ്യമായ നിയമനടപടികളുണ്ടാകാൻ വൈകി ക്കൂടാത്തതാണ്. ലോകത്തെല്ലായിടത്തും ഉണ്ടാകാറുള്ള ഇത്തരം സംഭവങ്ങളിൽ കപ്പൽകമ്പനി തന്നെയാണ് നഷ്ടപരിഹാരം നൽകിയ അനുഭവങ്ങളാണുണ്ടായിട്ടുള്ളത്.
എന്നാൽ മേയ് 24 ന് കൊച്ചി പുറങ്കടലിൽ ചെരിയുകയും പിറ്റേന്ന് പൂർണ്ണമായി മുങ്ങുകയും ചെയ്ത എം.എസ്.സി.എൽസ 3 എന്ന ചരക്കുകപ്പൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമായിട്ടും നിയമനടപടികൾക്ക് പോകാൻ സർക്കാർ വൈമനസ്യം കാണിക്കുന്നത് ശ്രദ്ധിക്കപ്പെടുകയും പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയുമുണ്ടായി.

അപ്പോഴാണ് സംഭവത്തിൽ എം.എസ്.സി. എൽസ 3 യുടെ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് മെയ് 29 ന് മുഖ്യമന്ത്രിയും കേന്ദ്രസർക്കാരിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗം തീരുമാനിച്ചതിന്റെ തെളിവ് പുറത്തുവരുന്നത്. കമ്പനിക്കെതിരെ ക്രിമിനൽ കേസ് എടുക്കാതെ ഇൻഷ്വറൻസ് കമ്പനിയിൽ നിന്നുള്ള ക്ലെയിം വഴിമാത്രം കിട്ടുന്ന നഷ്ടപരിഹാരം നേടിയെടുക്കുക എന്ന കപ്പൽകമ്പനിയുടെ താൽപ്പര്യത്തിനൊപ്പമാണ് സർക്കാരുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത് സംബന്ധിച്ചുണ്ടായ ചീഫ് സെക്രട്ടറിയുടെ കുറിപ്പ്.

മേയ് 25 ന് കപ്പൽ മുങ്ങി നാലാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനും, ഷിപ്പിംഗ് ഡയറക്ടർ ജനറൽ ശ്യാംജഗന്നാഥനും തമ്മിൽ കൂടി കണ്ടത്. ചീഫ് സെക്രട്ടറിയും സന്നിഹിതനായിരുന്നു. 'പേരുകേട്ട കമ്പനിയായ എം.എസ്.സി(കപ്പൽ കമ്പനി) വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാനപ്പെട്ട ഇടപാടുകാരാണ്. ഇവിടത്തെ പ്രവർത്തനത്തിന് കമ്പനിക്ക് കേരളത്തിന്റെ സഹകരണം വേണം. ഇൻഷ്വറൻസ് ഏജൻസി വഴി ക്ലെയിം തീർപ്പാക്കുന്നതിൽ കേരളവുമായി സഹകരിക്കുന്നത് അവരുടെ കൂടി ആവശ്യമാണ്. അതിനാൽ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെ'ന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ കുറിപ്പിന്റെ ഉള്ളടക്കം.

എം.എസ്.സി ഷിപ്പിംഗ് കമ്പനിക്കെതിരെ കേസ് എടുത്ത് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന് നഷ്ടം ഒന്നും സംഭവിക്കില്ല. അവരുടെ കപ്പലുകൾ വിഴിഞ്ഞത്ത് വരാതിരിക്കുകയുമില്ലെന്നാണ് മാരിടൈം നിയമവിരുദ്ധർ എല്ലാം അഭിപ്രായപ്പെട്ടത്.
അപ്പോൾ പിന്നെ ഷിപ്പിംഗ് കമ്പനിയോട് എന്തുകൊണ്ട് സർക്കാരിന് മൃദുസമീപനം എന്ന് ചോദ്യം ഉയർന്നു. അപ്പോഴാണ് എം.എസ്.സി കപ്പൽകമ്പനി അദാനിയുടെ വ്യാപാരപങ്കാളിയാണെന്നുള്ള വിവരം പുറത്തുവരുന്നത്.

ലോകത്തെ ഏറ്റവും വലിയ കാർഗോ ഷിപ്പിംഗ് കമ്പനിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി(എം.എസ്.സി). ആഗോളചരക്കുനീക്കത്തിന്റെ 20 ശതമാനം ഇവരാണ് കൈകാര്യം ചെയ്യുന്നത്. ഇറ്റലിയിലെ ജിയാൻ ലുയിഗി അപോന്റെയാണ് 1970 ൽ ഈ കമ്പനി സ്ഥാപിച്ചത്. 1978 മുതൽ ജനീവയിലാണ് കമ്പനിയുടെ  ആസ്ഥാനം. 900 ത്തിലേറെ ചരക്കുകപ്പലുകൾ കമ്പനിക്കുണ്ട്. ഈ കമ്പനിയുടെ വ്യാപാരപങ്കാളിയാണ് അദാനി ഗ്രൂപ്പ്. അദാനിക്ക് നടത്തിപ്പ് ചുമതലയുള്ള ഗുജറാത്തിലെ മുദ്ര തുറമുഖത്തിലും ചെന്നൈയിലെ എന്നൂർ തുറമുഖത്തിലും എം.എസ്.സിക്ക് ഓഹരി പങ്കാളിത്തം ഉണ്ട്. മുദ്രയിലെ അദാനി ഇന്റർനാഷണൽ കണ്ടെയ്‌നർ പ്രൈവറ്റ് ലിമിറ്റഡ് ഇരുകമ്പനികൾക്കും 50% വീതം ഓഹരിയുള്ള സംയുക്ത സംരംഭമാണ്. ചെന്നൈയിലെ അദാനി എന്നൂർ കണ്ടെയ്‌നർ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡിൽ എം.എസ്.സിയുടെ ഉപകമ്പനി 49 ശതമാനം ഓഹരിയെടുത്തത് 2023 ൽ ആണ്.

കേസ് വേണ്ടെന്ന സർക്കാർ തീരുമാനം അദാനിയെ സഹായിക്കാനാണ് എന്ന് കൃത്യമായി പുറത്തുവന്നതോടെ കപ്പൽ മുങ്ങി 18-ാം ദിവസം പോലീസ് കേസ് എടുത്തു. ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസാണ് കേസ് എടുത്തത്.  അതും ദുർബലമായ വകുപ്പുകളെന്നും ആക്ഷേപമുണ്ട്.
കപ്പൽകമ്പനി ഒന്നാം പ്രതിയും ഷിപ്പ്മാസ്റ്റർ രണ്ടാം പ്രതിയും നാവികരും ജീവനക്കാരും മൂന്നാം പ്രതിയുമായാണ് കേസ് എടുത്തത്. കേസ് എടുക്കുന്നതിനുവേണ്ടി സി.പി.എം അമ്പലപ്പുഴ ഏരിയാസെക്രട്ടറി സി. ഷാജിയെക്കൊണ്ടാണ് കോസ്റ്റൽ എ.ഐ.ജിക്ക് പരാതി കൊടുപ്പിച്ചത്.
കോൺഗ്രസ് മത്സ്യത്തൊഴിലാളി സംഘടനാനേതാവ് കൂടിയായ ടി.എൻ. പ്രതാപൻ ജീവിതോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഉചിതമായ നഷ്ടപരിഹാരം ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യഹർജി പരിഗണിച്ച ഹൈക്കോടതി, കപ്പൽകമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനും നഷ്ടപരിഹാരത്തുക ഈടാക്കാനും സർക്കിന് മുന്നിൽ ഒട്ടേറെ വഴികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഖജനാവിലെ പണമല്ല ചെലവാക്കേണ്ടത്. കമ്പനിക്കെതിരെ നിയമനടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതും സർക്കാരിന് ക്ഷീണമായി. ഹർജിയിൽ കോടതിയെ സഹായിക്കാനായി അഡ്വ. അർജുൻ ശ്രീധറിനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img